മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് മുൻഗണന

കൊച്ചി: രാജ്യത്തെ സമുദ്രോൽപന്നങ്ങളുടെ ആഗോള വിപണിയിലെ സ്വീകാര്യത വർധിപ്പിക്കുന്നതിനും സീഫുഡ് സർട്ടിഫിക്കേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനുമായി ഇന്ത്യയിലാദ്യമായി ദേശീയ മറൈൻ ഇക്കോലേബലിംഗ് മാർഗ്ഗരേഖയുടെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ).
ഇന്ത്യയിൽ നിന്നുള്ള സീഫുഡ് സർട്ടിഫിക്കേഷൻ നടപടികളെ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള സമഗ്രമായ രൂപരേഖയാണ് സിഎംഎഫ്ആർഐ പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾക്കായുള്ള ആവശ്യം ഏറിവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പല പ്രമുഖ അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഏജൻസികളും രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്ന വേളയിൽ ഇതിന് പ്രാധാന്യമേറെയാണ്.
പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം, രാജ്യത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താൽപര്യങ്ങൾ പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇത്തരം സർട്ടിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാവൂവെന്നതാണ് കരട് രൂപരേഖയിലെ പ്രധാന നിർദേശം. വിപണി കേന്ദ്രീകൃതമായ സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ ചെറുകിട-പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണം. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് സർട്ടിഫിക്കേഷൻ പ്രക്രിയകളിൽ തുല്യമായ പങ്കാളിത്തം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
വിപണിയിലെത്തുന്ന മത്സ്യങ്ങളും മറ്റ് സമുദ്രോൽപന്നങ്ങളും പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത രീതിയിലും ഉത്തരവാദിത്തത്തോടെയും പിടിച്ചെടുത്തതാണെന്ന് ഉറപ്പുവരുത്തുന്ന നടപടിയാണ് ഇക്കോലേബലിംഗ്.
ഇത് സീഫുഡ് ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ സ്വീകാര്യതയും പ്രീമിയം വിലയും ലഭിക്കാൻ സഹായിക്കും.
നിലവിൽ ഇത്തരം സർട്ടിഫിക്കേഷൻ നടപടികൾ നിയന്ത്രിക്കുന്നതിന് ഇന്ത്യയിൽ ദേശീയ സംവിധാനമില്ല. എന്നാൽ വിവിധ ആഗോള ഏജൻസികൾ ഇന്ത്യയിലെ സാധ്യതകൾ തേടി സജീവമായി രംഗത്തുണ്ട്.
ഇത്തരം സർട്ടിഫിക്കേഷൻ പദ്ധതികൾ രാജ്യത്തെ മത്സ്യബന്ധന നിയമങ്ങൾക്കും, രാജ്യത്തിന്റെ മുൻഗണനകൾക്കും, സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കണം. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിലെ സമുദ്ര മത്സ്യസമ്പത്തിന്മേലുള്ള രാജ്യത്തിന്റെ പരമാധികാര അവകാശം ഉറപ്പാക്കണം. എല്ലാ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങളും ദേശീയ-സംസ്ഥാന മത്സ്യബന്ധന നിയമങ്ങൾ പാലിച്ചാകണം. ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങൾ, സീഫുഡ് സുരക്ഷാ മാനദണ്ഡങ്ങൾ, തീരദേശ അക്വാകൾച്ചർ ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായിരിക്കണം. കൂടാതെ, കടലിൽ നിന്നും മത്സ്യം പിടിക്കുന്നത് തൊട്ട് ഉപഭോക്താക്കളിൽ എത്തുന്നത് വരെയുള്ള് കൈമാറ്റ ശൃംഖല കൃത്യമായി രേഖപ്പെടുത്തുന്ന ട്രാക്കിംഗ് സംവിധാനം (ട്രെയ്സബിലിറ്റി) ഉറപ്പാകണമെന്നും സിഎംഎഫ്ആർഐ തയ്യാറാക്കിയ രൂപരേഖ നിർദേശിക്കുന്നു.
അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ സംവിധാനങ്ങൾക്ക് സമാനമായി തദ്ദേശീയ ഇന്ത്യൻ മറൈൻ ഇക്കോലേബലിംഗ് പദ്ധതി വികസിപ്പിക്കുന്നതനുള്ള നിർദേശവും രൂപരേഖയിലുണ്ട്.
Photo Courtesy - Google







